ദുരന്തനിവാരണം പേരില്‍ മാത്രം
അണക്കെട്ട് പണിയുമ്പോള്‍ത്തന്നെ ഇത് തകര്‍ന്നാലുണ്ടാകുന്ന ദുരന്തനിവാരണത്തിനായി പദ്ധതികള്‍ ഉണ്ടാകും. എന്നാല്‍ അണക്കെട്ട് പണിത ബ്രിട്ടീഷുകാര്‍ ഇത് ചെയ്തിട്ടില്ല; കേരളത്തിലെ മാറിമാറിവരുന്ന സര്‍ക്കാറുകളും...
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്തു ചെയ്യും? അധികൃതരോട് ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തുകയേ ഉള്ളൂ. കാരണം ഒരു ദുരന്തനിവാരണത്തിനായി ഒരുക്കങ്ങളോ പ്രവര്‍ത്തനങ്ങളോ സംസ്ഥാനത്ത് നടത്തിയിട്ടില്ല.
ഇടുക്കി കളക്ടര്‍ മാത്രമല്ല കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ കളക്ടര്‍മാരും ഇരുട്ടില്‍ തപ്പും. ഏത് ദുരന്തമുണ്ടായാലും കൈകാര്യം ചെയ്യാന്‍ എട്ടു ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കാണ് ചാര്‍ജ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് ഇത് കൈകാര്യം ചെയ്യുന്നു. കാലവര്‍ഷത്തില്‍ വെള്ളം പൊങ്ങിയാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും മറ്റും ഇവര്‍ നിര്‍ദേശം നല്‍കാറുണ്ട്. അതുപോലെത്തന്നെയാണ് ഇവര്‍ക്കുമുന്നില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാലുള്ള 'ദുരന്തനിവാരണ'വും.
അണപൊട്ടിയാല്‍ വിവരം ജില്ലാ കളക്ടര്‍ അറിഞ്ഞ് ജില്ലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ച് പോലീസ് സ്‌റ്റേഷനുകളില്‍ വിവരമെത്തണം. അപ്പോഴേക്കും വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അച്ചന്‍കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ ജനവാസപ്രദേശങ്ങളിലെ സര്‍വതും തച്ചുതകര്‍ത്തിരിക്കും. മുഖ്യമന്ത്രി അപകടവാര്‍ത്തയറിഞ്ഞ് കേന്ദ്രം വഴി നാവികസേനയെ അറിയിച്ച് അവരെത്തുമ്പോഴേക്കും മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി അണക്കെട്ടുവരെ പെരിയാറിന്റെ പരിസരമെല്ലാം നാമാവശേഷമായിട്ടുണ്ടാകും. ദുരന്തനിവാരണത്തിനുള്ള സര്‍ക്കാര്‍ വഴികളുടെ ഒരു ചിത്രമാണിത്. ഇനി രാത്രിയാണ് എന്തെങ്കിലും സംഭവിക്കുന്നതെങ്കിലോ? അത് പറയാതിരിക്കുകയാണ് ഭേദം.
റവന്യൂവകുപ്പിന് കീഴില്‍ 'ഹസാര്‍ഡ് വള്‍നറബിളിറ്റി ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് സെല്‍' ഉണ്ടാക്കിയിട്ടുണ്ട്. ഇവരാണ് ദുരന്തനിവാരണത്തിനായുള്ള സാങ്കേതിക സംവിധാനം ഒരുക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് 24 മണിക്കൂറും ക്യാമറവെച്ച് നിരീക്ഷിച്ച് വിവരങ്ങള്‍ തിരുവനന്തപുരത്തെത്തിക്കാനുള്ള പദ്ധതിരേഖകള്‍ ആയതേയുള്ളൂ. നടപ്പായിട്ടില്ല.
അണക്കെട്ട് പണിയുമ്പോള്‍ത്തന്നെ ഇത് തകര്‍ന്നാലുണ്ടാകുന്ന ദുരന്തനിവാരണത്തിനായി പദ്ധതികള്‍ ഉണ്ടാകും. എന്നാല്‍ അണക്കെട്ട് പണിത ബ്രിട്ടീഷുകാര്‍ ഇത് ചെയ്തിട്ടില്ല; കേരളത്തിലെ മാറിമാറിവരുന്ന സര്‍ക്കാറുകളും.
അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം മുന്‍കൂട്ടിക്കണ്ട് ദുരന്തനിവാരണത്തിനുള്ള 'ഡാം ബ്രെയ്ക് അനാലിസിസ്' യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
അണ പൊട്ടിയാല്‍ പരിസരപ്രദേശങ്ങളില്‍ എത്ര ഉയരത്തില്‍ വെള്ളം പൊങ്ങും, എത്രദൂരം വരെ എത്തും, ഏതെല്ലാം പ്രദേശങ്ങളെ ഇത് ബാധിക്കും എന്ന് കാണിക്കുന്ന 'ഡാം ബ്രെയ്ക് അനാലിസിസ്' വിദേശരാജ്യങ്ങളില്‍ അണക്കെട്ട് പണിയുമ്പോള്‍ത്തന്നെ നടത്താറുണ്ട്. ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഭൂപടമുണ്ടാക്കി ഇത് കെഡസ്ട്രല്‍ ഭൂപടത്തില്‍ (വില്ലേജ് മാപ്പ്) രേഖപ്പെടുത്താം. വസ്തുവിന്റെ സര്‍വേ നമ്പറും അതിര്‍ത്തിയും കാണിക്കുന്ന ഈ ഭൂപടത്തില്‍ ഇത് രേഖപ്പെടുത്തിയാല്‍ ജനങ്ങളെ ബോധവത്കരിച്ച് എന്തിനും തയ്യാറായിനില്‍ക്കാനുള്ള നിര്‍ദേശം നല്‍കാന്‍ കഴിയും.
മാത്രമല്ല, വെള്ളം പൊങ്ങിയാല്‍ ജനങ്ങള്‍ എങ്ങോട്ട് മാറണം, എവിടെയൊക്കെ ആളുകളെ മാറ്റാനുള്ള പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കണം എന്നതിനെക്കുറിച്ചെല്ലാം ആസൂത്രണം നടത്താനും ഈ ഭൂപടം ഉപയോഗിക്കാം.
അണക്കെട്ട് 24 മണിക്കൂറും നിരീക്ഷിച്ച് വിവരങ്ങള്‍ നല്‍കാനുള്ള ആധുനിക ഉപകരണങ്ങള്‍ ഉണ്ട്. ഇത് സ്ഥാപിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയും. പോലീസ്, നാവികസേന, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് എന്നിവയുടെയും ശാസ്ത്രസ്ഥാപനങ്ങളുടെയും സഹായത്തോടെ കൂട്ടായുള്ള ദുരന്തനിവാരണയത്‌നമാണ് ഇപ്പോള്‍ അടിയന്തരമായി വേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
5060 വര്‍ഷമായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആയുസ്സ്. ഇത് കഴിഞ്ഞു പൊളിച്ചുമാറ്റേണ്ടതാണ്. 115 വയസ്സായ അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 136 അടി കവിഞ്ഞിരിക്കുന്നു. 12 നില കെട്ടിടത്തിന്റെ ഉയരത്തിലാണ് വെള്ളം തടഞ്ഞുനിര്‍ത്തിയിരിക്കുന്നത്. അണക്കെട്ടിന് വല്ലതും സംഭവിക്കുന്നുണ്ടോ എന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ല. തമിഴ്‌നാട് അണക്കെട്ട് കാലാകാലം പെയിന്റടിച്ചു ഭംഗിയാക്കി വെക്കുന്നുണ്ടെന്നുമാത്രം.
അണക്കെട്ട് തകര്‍ന്നാല്‍ 50 അടി ഉയരത്തില്‍ പെരിയാര്‍ നദിയില്‍ വെള്ളം പൊങ്ങും. അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ സമീപപ്രദേശങ്ങളിലെ സ്ഥലങ്ങളെല്ലാം നിരപ്പാക്കിക്കൊണ്ട് അണക്കെട്ടിലെ ചെളിയുമായി കുത്തിയൊഴുകുന്ന വെള്ളം ഇവിടെ ഭൂപ്രകൃതി തന്നെ മാറ്റിമറിക്കും.
നാലു മണിക്കൂറിനുള്ളില്‍ വെള്ളം മുഴുവന്‍ ഇടുക്കിയിലെത്തി ഇടുക്കി അണക്കെട്ട് നിറഞ്ഞൊഴുകുമെന്നാണ് കണക്ക്. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് നദിയിലൂടെ അമ്പത് കിലോമീറ്റര്‍ ദൂരം വരും. ഇടുക്കി നിറഞ്ഞൊഴുകിയാല്‍ അതിന്റെ ശക്തിയില്‍ ഇതിന് താഴെയുള്ള കുളമാവ്, ചെറുതോണി, ഭൂതത്താന്‍കെട്ട്, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ തകരും.
ഇവിടുന്നങ്ങോട്ട് പെരിയാറിന്റെ ഇരു കരകളിലുമുള്ള താഴ്ന്ന സ്ഥലങ്ങളിലേക്ക് വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍, ആലുവ നഗരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടിയിലും വെള്ളമെത്തും. വെമ്പനാട്, മുനമ്പം കായല്‍ വരെ വെള്ളം കയറും. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളും വെള്ളത്തിനടിയിലാകും.
എന്നാല്‍, ദുരന്തം ഇതിലും ഭയാനകമായിരിക്കുമെന്നാണ് തിരുവനന്തപുരം സെസ്സിലെ ജിയോ സയന്‍സ് മേധാവിയായി വിരമിച്ച ഡോ. പി.കെ. തമ്പി പറയുന്നത്.
സമുദ്രനിരപ്പില്‍നിന്ന് മൂവായിരം അടിയിലധികം ഉയരത്തിലുള്ള സ്ഥലത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇവിടെ നിന്ന് പെരിയാര്‍ വലിയൊരു ചെരിവിലൂടെയാണ് താഴോട്ട് ഒഴുകുന്നത്. 136 അടി ഉയരത്തില്‍ തടഞ്ഞുനിര്‍ത്തിയ വെള്ളം ഒന്നിച്ചു പൊട്ടിയൊഴുകിയാല്‍ അത് വന്‍ ശക്തിയിലാണ് താഴോട്ട് വരിക. ഭൂഗുരുത്വംകൊണ്ട് ഒഴുക്കിന്റെ ശക്തി കൂടും. പെരിയാറില്‍ 50 അടി ഉയരത്തില്‍ വെള്ളം പൊങ്ങിയാല്‍ സമീപപ്രദേശങ്ങളൊന്നും ബാക്കി കാണില്ല. ഇടുക്കി നിറഞ്ഞൊഴുകിയാല്‍ ഇതിന് താഴെയുള്ള ചെറുതോണി, കുളമാവ് തുടങ്ങിയ അണക്കെട്ടുകളെ വെള്ളം തള്ളിമാറ്റും. ഈ മഹാദുരന്തത്തിനിടയില്‍നിന്ന് ആളുകളെ രക്ഷിക്കാന്‍പോലും കഴിയില്ല ഡോ. പി.കെ. തമ്പി പറയുന്നു.
വെള്ളത്തിന്റെ നിരപ്പ് 120 അടിയാക്കുകയാണ് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇപ്പോഴുള്ള ഏക പോംവഴി. 120 അടി ഉയരത്തില്‍ വെള്ളംനിന്നാല്‍ അണക്കെട്ട് ഒറ്റയടിക്ക് പൊട്ടിഒഴുകില്ല. മാത്രമല്ല, ഒഴുക്കിന്റെ ശക്തി കുറയും. ഇതിനാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ സമയം കിട്ടും.
വെള്ളം 120 അടിയായി താഴ്ത്തിക്കൊണ്ട് പുതിയ അണക്കെട്ട് പണിത്, പഴയത് പൊളിച്ചുമാറ്റണം. പുതിയ അണക്കെട്ട് പണിയുന്നതുവരെ 136 അടി ഉയരത്തില്‍ വെള്ളം നിര്‍ത്തുന്നത് ഭീഷണിയാണ്.
ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മഴ കിട്ടുന്ന സമയമായതിനാല്‍ അവര്‍ മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം അധികം എടുക്കുന്നില്ല. ഫിബ്രവരി, മാര്‍ച്ച് മാസത്തിലാണ് അവര്‍ക്ക് വെള്ളം ആവശ്യം. തമിഴ്‌നാടിന്റെ ഭാവിയിലെ ആവശ്യത്തിനുള്ള വെള്ളം അപകടസാധ്യതയുള്ള അണക്കെട്ടില്‍ കെട്ടിനിര്‍ത്തി കേരളത്തിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ഡോ. തമ്പി പറഞ്ഞു.
Editorial page article,Mathrubhumi dt:1-12-2001
"തമിഴ് നാട് നീതി പാലിക്കണം" എന്ന് നമ്മുടെ നാട്ടിലെ ചുവരിലും ബസ്സിലും ( അതും മലയാളത്തില്‍ )
ReplyDeleteഎഴുതി വെക്കുന്ന ബുദ്ധി ശൂന്യന്മാരുടെ നാടാണ് കേരളം..
ഇത്രയൊക്കെ ഞങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് മലയാളികളെ കാണിക്കാന്‍ ആണോ ആവോ..?